Showing posts with label Malayalam Movie Review. Show all posts
Showing posts with label Malayalam Movie Review. Show all posts

Wednesday, March 9, 2011

Gaddama Malayalam Movie - My Review


മലയാള സിനിമക്ക് ഒരുപാട് നല്ല ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ശ്രീ കമല്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് ഗദ്ദാമ. കെ.യു. ഇക്ബാലിന്റെ കഥയെ അടിസ്ഥാനമാക്കി കമലും ഗിരീഷ്‌ കുമാറും ചേര്‍ന്ന് തിരക്കഥ എഴുതിയ ഈ ചിത്രം പറയുന്നത് കുടുംബം പുലര്‍ത്തുന്നതിനു വേണ്ടി അറബി നാടുകളില്‍ വീട്ടുവേല ചെയ്തു ജീവിയ്ക്കുന്ന ‘ഗദ്ദാമ’ എന്ന പേരിലറിയപ്പെടുന്ന വീട്ടുവേലക്കാരികളുടെ കഥയാണ്. കേരളത്തില്‍ നിന്നുള്ള അനേകം സ്ത്രീകള്‍ ഇത്തരം പണികളിലേര്‍പ്പെട്ടു ഗള്‍ഫ്‌ നാടുകളില്‍ ദുരിത ജീവിതം നയിച്ചു വരുന്നുണ്ട്. പൊതു സമൂഹത്തിന്റെ അവജ്ഞയ്ക്കും അവഗണനയ്ക്കും പാത്രീഭൂതരായ ഇവരുടെ ജീവിതം സിനിമയാക്കുവാന്‍ തയ്യാറായ കമലിന്റെ ശ്രമം ശ്ലാഘനീയമാണ്. 

വിവാഹാനന്തരം സിനിമാ ജീവിതത്തിനോട് താല്‍ക്കാലികമായി വിട പറഞ്ഞ പ്രശസ്ത നടി കാവ്യാ മാധവന്‍ ഈ ചിത്രത്തിലൂടെ ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തുന്നുണ്ട്. ഗദ്ദാമ തികച്ചും ഒരു കാവ്യാ മാധവന്‍ ചിത്രമാണ്. ദുരിതങ്ങളും കഷ്ടപ്പാടുകളും മാത്രം കൂട്ടുകാരായുള്ള ഗദ്ദാമ ജീവിതത്തിന്റെ കണ്ണീരിന്റെ ഉപ്പ് അനുവാചകന് അനുഭവവേദ്യമാകുന്ന തരത്തില്‍ ഗദ്ദാമയായി കാവ്യ പ്രേഷക മനസ്സുകളില്‍ ജീവിയ്ക്കുന്നു. 

കഥാസാരം
അശ്വതിയെന്ന പട്ടാമ്പിക്കാരി പെണ്‍കുട്ടിയുടെ കഥാപാത്രമാണ് കാവ്യയുടേത്. ജെ.സി.ബി. ഡ്രൈവര്‍ രാധാകൃഷ്ണനുമായുള്ള വിവാഹാനന്തരം കുടുംബത്തില്‍ സംഭവിയ്ക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിനു വേണ്ടിയാണ് അവള്‍ സൗദിയിലെത്തുന്നത്. അയല്‍ക്കാരനും, സൌദിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്നവനുമായ ഉസ്മാനാണ് അവള്‍ക്കായ്‌ ഈ ജോലി തരപ്പെടുത്തുന്നത്. സ്പോണ്സര്‍ക്ക് വേണ്ടിയുള്ള എയര്‍പോര്‍ട്ടിലെ മണിക്കുറുകളോളം നീണ്ട കാത്തുനില്‍പ്പുതന്നെ തന്നെ വരാനിരിയ്ക്കുന്ന ദുരിതങ്ങളിലേയ്ക്കുള്ള വിരല്‍ ചൂണ്ടിയായിരിയ്ക്കുമെന്നു നിഷ്കളങ്കയായ അവള്‍ ഒരു പക്ഷേ വിചാരിച്ചു കാണില്ല.
ഗദ്ദാമയായുള്ള ആദ്യദിനങ്ങള്‍ സംഭവരഹിതങ്ങളായിരുന്നു. ഉസ്മാനും ഇന്തോനേഷ്യക്കാരി ഫാത്തിമയും അവള്‍ക്കു കൂട്ടിനുണ്ട്. എന്നാല്‍ തുടര്‍ന്ന നാളുകളില്‍ അനുഭവിയ്ക്കേണ്ടിവന്ന പീഡനങ്ങളും ദുരിതങ്ങളും ജീവിതാനുഭവങ്ങള്‍ വളരെ കുറവായ അവളെ ശാരീരികമായും മാനസികമായും തളര്‍ത്തുന്നു. രക്ഷപ്പെടാനായ്‌ ഒളിച്ചോടിയ അവള്‍ ദാഹ ജലം പോലും ലഭിയ്ക്കാതെ മരുഭൂമിയിലൂടെ അലയുന്നതും അവളെ കണ്ടെത്താനായ്‌ റസാക്ക്‌ കൊട്ടേക്കാട് എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ നടത്തുന്ന ശ്രമങ്ങളുമാണ് കഥയെ പിന്നീട് മുമ്പോട്ട് നയിക്കുന്നത്. അശ്വതിയ്ക്കെന്തു സംഭവിയ്ക്കും? റസാക്കിന് അവളെ രക്ഷിയ്ക്കാനാവുമോ? പരിണാമഗുപ്തി നഷ്ടപ്പെടുമെന്നതിനാല്‍ കഥയിലേയ്ക്ക് കൂടുതല്‍ കടക്കുന്നില്ല. 

അഭിനയവും സാങ്കേതിക മികവും
നേരത്തെ പറഞ്ഞതുപോലെ ഇതൊരു കാവ്യാ ചിത്രമാണ്. ഒരു തിരിച്ചു വരവിന് തികച്ചും അനുയോജ്യമായ സിനിമ. കാവ്യയുടെ വശ്യമായ പുഞ്ചിരിയുടെ അഭാവം കൊണ്ടു ഈ സിനിമ ശ്രദ്ധേയമാണ്. എന്നാല്‍ ദുഖപുത്രിയായുള്ള അവരുടെ അഭിനയം പ്രേക്ഷകന്‍റെ ഉള്ളില്‍ തട്ടും. ശ്രീനിവാസനും നന്നായിട്ടുണ്ട്. സുരാജ് വെഞ്ഞാറമ്മൂട്, ബിജു മേനോന്‍, സുകുമാരി, ലെന, ജാഫര്‍ ഇടുക്കി തുടങ്ങിയവരും അവരവരുടെ റോള് ഭംഗിയായി ചെയ്തിട്ടുണ്ട്. 

ബെന്നി-വീട്രാഗിന്റെ സംഗീതം എടുത്തു പറയേണ്ട ഒന്നാണ്. പ്രമേയത്തിന്റെ പൂര്‍ണ്ണ ഭാവങ്ങളും പ്രേക്ഷക മനസ്സില്‍ തറപ്പിയ്ക്കുന്നതിന് സംഗീതം അതിന്റേതായ കടമ ഭംഗിയായ് നിര്‍വഹിച്ചിട്ടുണ്ട്. മരുഭൂമിയിലൂടെ ഗദ്ദാമ അലയുമ്പോള്‍ ആശരീരിയായ്‌ വരുന്ന പാട്ട് എടുത്തു പറയേണ്ടതാണ്. 

മനോജ്‌ പിള്ളയുടെ ക്യാമറ ഭംഗിയായ് അതിന്റെ ജോലി നിര്‍വഹിച്ചിരിയ്ക്കുന്നു. ചിത്രത്തിന്‍റെ മൊത്തത്തിലുള്ള അന്തരീക്ഷം ചിട്ടപ്പെടുത്തുന്നതില്‍ സിനിമറ്റൊഗ്രഫിയുടെ പങ്ക് എടുത്തു പറയേണ്ടതാണ്. 

കമലും ഗിരീഷ്കുമാറും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥ ശക്തമാണ്. ദുരിത പൂരിതമായ സ്വന്തം കുടുംബത്തെ പ്രകാശമാനമാക്കാന്‍ അന്യദേശങ്ങളില്‍ പോയി കഷ്ടപ്പെടുന്ന ഗദ്ദാമമാരുടെ ജീവിതം ചുറ്റും പ്രകാശം പരത്താന്‍ ഉരുകി തീരുന്ന മെഴുകുതിരിയ്ക്ക് സമാനമാണ്. മുഖ്യധാരാ സമൂഹത്തിനു പുറത്തു നില്‍ക്കുന്ന ഇവരുടെ കഥ ഉള്ളില്‍ തട്ടും വിധം അവതരിപ്പിയ്ക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 

ബന്ധപ്പെട്ട അധികാരികള്‍ ഇതെല്ലാം കാണുമെന്നു പ്രതീക്ഷിയ്ക്കുന്നു...